ഒരു കുട്ടി ഏതു രീതിയിൽ വളരണം, എങ്ങനെ സമൂഹത്തിൽ പെരുമാറണം, അതിനായി അതിനെ എങ്ങനെ രൂപപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളിൽ രക്ഷിതാക്കൾക്കു ചില കണക്കുകൂട്ടലും പ്രതീക്ഷകളുമുണ്ട്. അതിനു വേണ്ടി ചില മാനദണ്ഡങ്ങളും രീതികളും പിന്തുടരാറുമുണ്ട്. അതിനെയാണ് പേരന്റിങ് എന്നു പറയുന്നത്. ഓരോ രക്ഷിതാവും കുട്ടികളെ വളർത്തുന്ന രീതി വ്യത്യസ്തമാണ്. കുട്ടികൾക്കു കൃത്യമായ മാർഗനിർദേശവും പ്രചോദനവും ആത്മവിശ്വാസവും നൽകി, അവരുടെ താൽപര്യങ്ങൾ മനസ്സിലാക്കി അതനനുസരിച്ചു വളർത്തണം. പക്ഷേ ഇപ്പോൾ നമ്മുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും കുഞ്ഞുങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്ന രീതിയാണ് കാണുന്നത്. ഉദാഹരണത്തിന്, എനിക്ക് ഡോക്ടറാകാൻ സാധിച്ചില്ല, എന്റെ കുഞ്ഞെങ്കിലും ഡോക്ടറാകണം എന്നാഗ്രഹിക്കുന്ന പല രക്ഷിതാക്കളും ഇന്നും സമൂഹത്തില്‍ ഉണ്ട്.
പേരന്റിങ് സ്റ്റൈലിനെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡയാനാ മെർമെണ്ട് നാലായി തിരിച്ചിട്ടുണ്ട്.
1. അതോറിറ്റേറിയൻ പേരന്റിങ്
കുട്ടിക്കു വേണ്ടി എല്ലാ തീരുമാനവും രക്ഷിതാക്കൾ എടുക്കുന്ന രീതിയാണിത്. കുട്ടിയുടെ ഇഷ്ടത്തിന് യാതൊരു പരിഗണനയും ഉണ്ടാവില്ല. അച്ഛനും അമ്മയും തീരുമാനിക്കുന്നത് കുട്ടി അനുസരിക്കുക മാത്രം. പാട്ടും ഡാൻസും ഒക്കെ ഇഷ്ടപ്പെടുന്ന കുട്ടിയോട്, അതൊന്നും വേണ്ട നീ പഠിച്ചാൽ മാത്രം മതി എന്ന് അച്ഛനമ്മമാർ പറയുന്നു. ഈ പേരന്റിങ് സ്റ്റൈലിൽ കുട്ടികൾ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നു. കുട്ടികൾക്ക് സ്വയം തീരുമാനം എടുക്കാനുള്ള കഴിവ് നഷ്ടമാകുന്നു. ടീനേജിലെത്തുമ്പോൾ കൂട്ടുകാരാവും അവനുവേണ്ടി തീരുമാനങ്ങളെടുക്കുന്നത്. ഇത്തരം പേരന്റിങ് സ്റ്റൈലിൽ കുട്ടികള്‍ അച്ഛനെയും അമ്മയെയും േപടിച്ച്, തെറ്റുകൾ ഒളിക്കും. അടക്കിഭരിക്കുന്ന രക്ഷിതാക്കളോടുള്ള ദേഷ്യവും സങ്കടവുമെല്ലാം ടീനേജിലും മറ്റും പുറത്തുവരികയും കുട്ടികൾ റിബൽ സ്വഭാവം കാട്ടുകയും ചെയ്യും. മറ്റുള്ളവരോടുള്ള പെരുമാറ്റം പോലും മോശമാകും. അങ്ങനെ സമൂഹത്തിൽ ഇത്തരം കുട്ടികൾ ഒറ്റപ്പെട്ടു പോകും. അവർക്ക് മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിക്കാനോ സമൂഹത്തിൽ ഇടപഴകാനോ അറിവുണ്ടാകില്ല. രക്ഷിതാക്കളുെട നിരന്തര വിമർശനം മാത്രം കേട്ടുവളരുന്ന കുട്ടികളിൽ ആത്മാഭിമാനം വളരെ കുറവായിരിക്കും. അതുകൊണ്ടു തന്നെ സ്വന്തമായി തീരുമാനമെടുക്കുവാനോ ധൈര്യമായി മറ്റുള്ളവരുടെ മുൻപിൽ നിൽക്കാനോ ഉള്ള കഴിവ് ഇവർക്ക് കുറവായിരിക്കും. വ്യക്തിജീവിതത്തിലും പഠനത്തിലും കരിയറിലുമൊക്കെ പരാജയപ്പെടാനുള്ള സാധ്യത ഇത്തരക്കാർക്കു കൂടുതലാണ്.
2. പെർമിസീവ് േപരന്റിങ് സ്റ്റൈൽ
കുഞ്ഞ് എന്താവശ്യപ്പെട്ടാലും അതു നല്ലതോ ചീത്തയോ എന്നു നോക്കാതെ നൽകുന്ന, ഒരു നിയന്ത്രണവുമില്ലാതെ വളർത്തുന്ന രീതിയാണ് പെർമിസീവ് സ്റ്റൈൽ ഓഫ് പേരന്റിങ്. കുട്ടിയുടെ ഇഷ്ടം സമൂഹത്തിനു ദോഷമാണോ എന്നു പോലും ചിന്തിക്കാത്ത രക്ഷിതാക്കൾ, കുട്ടി എന്തു ചെയ്താലും അതിനെ പുകഴ്ത്തിക്കൊണ്ടിരിക്കും. ഇങ്ങനെ വളരുന്ന കുട്ടികൾ പലപ്പോഴും പിടിവാശിക്കാരായിരിക്കും. കൂട്ടുകാരും ചുറ്റുമുള്ളവരുമൊക്കെ തങ്ങളുടെ ഇഷ്ടം അനുസരിച്ച് ജീവിക്കണമെന്ന ചിന്തയാവും ഇവർക്ക്. നിയമങ്ങളോ സമൂഹത്തിലെ രീതികളോ ഒന്നും ഇവർ കണക്കാക്കില്ല. ഇങ്ങനെയുള്ള കുട്ടികളിൽ ഞാനൊരു വലിയ സംഭവമാണെന്ന തോന്നൽ ഉണ്ടാകുന്നു. അതേസമയം, ഉള്ളിൽ ഇവർ ഭീരുക്കളുമായിരിക്കും. ഗൗരവമുള്ള കാര്യങ്ങൾ പോലും നിസ്സാരമായി കണക്കാക്കുന്ന ഇത്തരക്കാർ തെറ്റുപറ്റിയാൽ അതു മറ്റുള്ളവരുടെ ചുമലിലേക്ക് വച്ചു കൊടുക്കും. ക്രമേണ ഇത്തരക്കാർ സമൂഹത്തിൽ ഒറ്റപ്പെടും.
3. നെഗ്ലക്ട് / അബാൻഡൻ പേരന്റിങ് സ്റ്റൈൽ
രക്ഷിതാക്കൾക്കു കുട്ടിയോട് പ്രത്യേകിച്ചൊരു താൽപര്യവുമില്ലാത്ത രീതിയാണിത്. ഒരു കുഞ്ഞു ജനിച്ചു, അത് എങ്ങനെയെങ്കിലും വളരുന്നു, ജീവിക്കുന്നു, എന്തെങ്കിലും ചെയ്യുന്നു. അച്ഛനും അമ്മയും അതിന്റെ കാര്യത്തില്‍ ഉത്തരവാദിത്തമോ തീരുമാനങ്ങളോ ഇല്ല. ഇതിനു കാരണം പലതായിരിക്കാം. ആഗ്രഹിക്കാതെ ഉണ്ടാകുന്ന കുഞ്ഞിനോട് ചില രക്ഷിതാക്കൾ ഈ രീതി കാണിക്കാറുണ്ട്. ശാരീരികമായോ മാനസികമായോ അസുഖങ്ങളുള്ള അച്ഛനമ്മമാർക്കും കുട്ടികളെ നല്ല രീതിയിൽ നോക്കാൻ സാധിക്കില്ല. അങ്ങനെയുള്ള കുട്ടികളും അബാൻഡന്റ് ആയി മാറാറുണ്ട്. ഇത്തരം കുട്ടികൾ എല്ലാവരിൽനിന്നും അകന്ന് ഒറ്റപ്പെട്ടു ജീവിക്കുന്നതുകാണാറുണ്ട്. മദ്യത്തിനോ ലഹരിമരുന്നിനോ അടിമകളായ മാതാപിതാക്കൾ കുട്ടികളെ ശ്രദ്ധിക്കില്ല. കുടുംബാംഗങ്ങൾ തമ്മിൽ അടുപ്പമില്ലാത്ത സാഹചര്യത്തിൽ വളരുന്ന കുട്ടികളിലും അതു സ്വാധീനമുണ്ടാക്കും. കുട്ടികൾക്ക് ആരിൽനിന്നും ശ്രദ്ധയോ സംരക്ഷണമോ സ്നേഹമോ കിട്ടുന്നില്ല. അവർക്കെപ്പോഴും സങ്കടവും ഡിപ്രഷനുമൊക്കെയായിരിക്കും. അതുകൊണ്ടുതന്നെ എവിടുന്നെങ്കിലും സ്നേഹം കിട്ടുമ്പോൾ അതിനു പുറകെ പോകാനും അവരെന്തു പറഞ്ഞാലും ചെയ്യാനും ചൂഷണത്തിന് ഇരയാകാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ള കുട്ടികൾ കുറ്റകൃത്യങ്ങൾ ചെയ്യാനും മദ്യത്തിനും ലഹരിമരുന്നിനും അടിമയാകാനുമൊക്കെ സാധ്യത കൂടുതലാണ്.
4. അതോറിറ്റേറ്റീവ് പേരന്റിങ് സ്റ്റൈൽ/ ചൈൽഡ് സെന്റേഡ് പേരന്റിങ് സ്റ്റൈൽ
കുട്ടിയുടെ അഭിപ്രായത്തിനും തീരുമാനങ്ങൾക്കും കൂടി ഇടമുള്ള പേരന്റിങ് സ്റ്റൈലാണിത്. ഇതിൽ അടിച്ചേൽപിക്കലില്ല. ഇവിടെയും നിയന്ത്രണങ്ങളും നിബന്ധനകളുമുണ്ടാവും. അതുപക്ഷേ കുട്ടിക്കൂടി ബോധ്യപ്പെടുത്തിയാവും. അച്ഛനും അമ്മയും തന്നിൽനിന്നു പ്രതീക്ഷിക്കുന്നത് എന്താണെന്നു കുട്ടിക്ക് അറിയാം. അതേസമയം കുട്ടിക്ക് തന്റെ താൽപര്യങ്ങളുംഅവരോടു പറയാം. ഞങ്ങൾ ഒരുമിച്ചിരുന്നാണ് തീരുമാനങ്ങളെടുക്കേണ്ടത്, ഞാൻ ചെയ്യുന്ന നല്ല കാര്യങ്ങളെ അച്ഛനും അമ്മയും പ്രോത്സാഹിപ്പിക്കും, എന്റെ തെറ്റുകൾ അച്ഛനും അമ്മയും ക്രിട്ടിസൈസ് ചെയ്യുകയും അതു തിരുത്താൻ മാർഗനിർദേശവും പിന്തുണയും നൽകി ഒപ്പം നിൽക്കുകയും ചെയ്യും എന്ന ബോധ്യം കുഞ്ഞിന്റെ മനസ്സിൽ ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് അതോറിറ്റേറ്റീവ് പേരന്റിങ്
സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളുടെ നല്ലതും ചീത്തയും തരം തിരിച്ച് കുഞ്ഞുങ്ങൾക്കു പറഞ്ഞു കൊടുക്കാറുണ്ട്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ശരി ഏതാണ് തെറ്റ് ഏതാണ് എന്നു മനസ്സിലാക്കാൻ സാധിക്കുന്നു. ഇങ്ങനെയുള്ള പേരന്റിങ് സ്റ്റൈലിൽ വളരുന്ന കുട്ടികൾക്ക് വിവേചന ബുദ്ധി കൂടുതലായിരിക്കും. ഈ കുട്ടികൾക്ക് ബന്ധങ്ങളെ കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കും. അവർ വൈകാരികമായി കരുത്തരായിരിക്കും. ആവശ്യമില്ലാതെ ഒച്ച വയ്ക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യില്ല. അതുകൊണ്ടു തന്നെ പഠനം, ജോലി തുടങ്ങിയവയിൽ വിജയിക്കാൻ സാധിക്കും. ജീവിതം നല്ല രീതിയിൽ കെട്ടിപ്പടുക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഈ നാലു പേരന്റിങ് സ്റ്റൈലിലും ഏറ്റവും നല്ലത് അതോറിറ്റേറ്റീവ് പേരന്റിങ് സ്റ്റൈലാണ്.
ഈ നാല് പേരന്റിങ് രീതികളിൽ നിങ്ങൾ ഏതിൽപെടുന്നു എന്നു സ്വയം വിലയിരുത്തി പേരന്റിങ് സ്റ്റൈലിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്നു നോക്കി, പോസിറ്റീവായ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞാൽ നമ്മുടെ കുട്ടികളെ എഫിഷ്യന്റ് ആയി, സ്മാർട്ട് ആയി വളര്‍ത്താൻ സാധിക്കും.
0 Comments
Post a Comment